തൃശൂർ: പാലിന്റെയും ഭക്ഷ്യ അസംസ്കൃതവസ്തുക്കളുടെയും ക്രമാതീതമായ വിലക്കയറ്റവും പ്രവർത്തനച്ചെലവിൽ വന്നിട്ടുള്ള ഭീമമായ വർധനവും നിമിത്തം ഭക്ഷണവില വർധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരായിരിക്കുകയാണെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
എന്നാൽ വിലവർധനയുടെ പേരിൽ അന്യായമായ വർധനവിനെ സംഘടന അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎച്ച്ആർഎ സുരക്ഷാപദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ജില്ലയിലെ രണ്ടു ഹോട്ടലുടമകളുടെ കുടുംബത്തിനു പത്തുലക്ഷം രൂപ വീതമുള്ള സുരക്ഷാപദ്ധതി ഫണ്ട് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരത്തോടനുബന്ധിച്ചു നഗരത്തിലെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഒരു ദിവസംതന്നെ പല സമയങ്ങളിലായി പരിശോധന നടത്തിയതിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ നേതൃസമ്മേളനത്തിൽ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരൻ, ജില്ലാ നേതാക്കളായ വി.ആർ. സുകുമാർ, റഹ്മത്ത് ബാബു, ജി.കെ. പ്രകാശ്, എ.സി. ജോണി, എൻ.കെ. അശോക് കുമാർ, പ്രേംരാജ് ചൂണ്ടലാത്ത്, പി.എസ്. ബാബുരാജ്, വി.ജി. ശേഷാദി തുടങ്ങിയവർ പ്രസംഗിച്ചു.